BLOGGER TEMPLATES AND TWITTER BACKGROUNDS »

Friday, August 28, 2009

ആദ്യ പ്രണയം

ആദ്യ പ്രണയിനിയെ മറക്കാനാവുമോ എന്ന ചോദ്യത്തിന്‌ എന്റെ ഉത്തരം മറക്കാന്‍ കഴിയുമെന്നാണ്‌. പത്താം ക്ലാസിലേക്കു പ്രവേശിക്കുന്നൊരു അവധിക്കാലം. അവളാണെങ്കിലോ എന്റെ ശത്രുവും. ഞങ്ങള്‍ വര്‍ഷങ്ങളായി എതിരാളികളാണ്‌. അവധിക്കാലം. ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാമുണ്ട്‌... ആണ്‍കുട്ടികളും പെണ്‍കുട്ടികളും; കൂടെ അവളുമുണ്ട്‌. സംസാരം ഇഷ്ട വിഭവം? ആദ്യ ചോദ്യം എന്നോട്‌. ഉത്തരം സാമ്പാര്‍. ചോദ്യം പിന്നെയും മറ്റുപലരോടുമായി. ഉത്തരവും പലത്‌. ഒടുവില്‍ അവള്‍ ഉത്തരം നല്‍കി. സാമ്പാര്‍. ആ നിമിഷം... ഞാന്‍ പ്രണയം രുചിച്ചു തുടങ്ങി. എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം മറ്റൊരാളും. അതേ ഞാന്‍ അവളെ പ്രണയിച്ചു തുടങ്ങുകയായി. ആ കൂട്ടത്തില്‍ എനിക്കൊന്നും പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല. അവളെ നോക്കി, നോക്കി അങ്ങിനെ ഇരുന്നു. പിന്നെ അവളെ കാണുവാന്‍ കിട്ടുന്ന ഓരോ നിമിഷത്തിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളിലേക്കായി എന്റെ നോട്ടം. അവളില്ലാതെ എന്റെ ജീവിതം അര്‍ഥ പൂര്‍ണമാകില്ലെന്നു എനിക്കു തോന്നി.
എനിക്കവള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. കഥകളിലെ രാജകുമാരനെ പോലെ അവളെ സ്വന്തമാക്കുന്നത്‌ ഞാന്‍ സ്വപ്‌നം കണ്ടുറങ്ങി. ഉണരുന്നതും അവളുടെ ഒരു പുഞ്ചിരിക്കായി ഞാന്‍ കാത്തിരുന്നു തുടങ്ങി. പിന്നെ പിന്നെ ഞാന്‍ പ്രണയത്തിന്റെ ആഴങ്ങളിലേക്ക്‌ ചെന്നു വീഴുകയായിരുന്നു. അവധിക്കാലം കഴിഞ്ഞു. ക്ലാസുകള്‍ തുടങ്ങി. അവളെ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. അപ്പോഴാണ്‌ ഞാന്‍ പ്രണയത്തിന്റെ തീവ്രത അറിയുന്നത്‌. അതെന്നെ വല്ലാതെ ചുട്ടു പൊള്ളിച്ചു. പാഠപുസ്‌തകത്തിന്റെ താളുകളില്‍ നിറയുന്നത്‌ അവളുടെ മുഖമായിരുന്നു. കണ്ണടച്ചാലും തുറന്നാലും അവളെന്റയൊപ്പമുണ്ടായിരുന്നു. ഞാന്‍ പ്രണയത്താല്‍ ചുട്ടു പൊള്ളുകയായിരുന്നു. അസ്വസ്ഥമായ മനസും ശരീരവുമായി ഞാന്‍ അലയുകയായിരുന്നു ആ ദിവസങ്ങളില്‍. മറ്റൊന്നിനെക്കുറിച്ചും എനിക്കു ചിന്തകളില്ലായിരുന്നു. ഒടുവില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി. അവള്‍ക്കായുള്ള എന്റെ സ്വപ്‌നങ്ങളെ, ആഗ്രഹങ്ങളെയൊക്കെ ഞാന്‍ എഴുതി. ഭ്രാന്തമായി എഴുതി. ഞാനൊരു ചിത്രകാരനല്ലായിരുന്നിട്ടുകൂടിയും ഞാനാ ബുക്കില്‍ ചിത്രങ്ങള്‍ കോറിയിട്ടു. മുറിവേറ്റ ഹൃദയത്തില്‍നിന്നും ഒഴുകിയിറങ്ങുന്ന രക്തം പുഴയായി മാറുന്ന ചിത്രം... ആ ചിത്രം ഇപ്പോള്‍ എന്റെ മുമ്പില്‍ തെളിയുന്നു.
എന്തൊക്കെയോ എഴുതിക്കൂട്ടി. അവളെ വര്‍ണിച്ചു കൊണ്ടുള്ള കവിതകളും ഞാന്‍ എഴുതി. എത്രമാത്രം ഞാന്‍ അവളെ പ്രണയിച്ചിരുന്നെന്നോ.... ആ കാലത്ത്‌ ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു ഞാന്‍. മയക്കുമരുന്നു ഉപയോഗിക്കുമ്പോള്‍ ഫീല്‍ ചെയ്യുന്ന അവസ്ഥയില്ലേ... ഭാരമില്ലാതെ, പറക്കുന്ന ഒരവസ്ഥ.
ഒരു തരം വാശിയായിരുന്നു എനിക്ക്‌. ഞാന്‍ ഓരോ ദിവസവും എഴുതിയെഴുതി ആ ബുക്കിലെ താളുകള്‍ നിറച്ചു. മനോഹരമായ ഹൃദയത്തിന്റെ ചിത്രമൊട്ടിച്ച്‌ അടുത്ത ബുക്കും ഞാന്‍ അവള്‍ക്കായി തയാറാക്കി. രണ്ടു ബുക്കുകള്‍ നിറച്ചും അവള്‍ക്കായി ഞാന്‍ എന്റെ ഹൃദയവേദനകളെഴുതി. പ്രണയിക്കുന്നവര്‍ എന്തു കൊണ്ടാണ്‌ വേദനിക്കുന്നതെന്ന്‌ എനിക്കറിയില്ലായിരുന്നു. ഞാന്‍ എപ്പോഴും വേദനിച്ചിരുന്നു. ആ പ്രണയം എന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചൊഴുക്കിയ വാക്കുകളാണ്‌ ഞാന്‍ എഴുതിക്കൂട്ടിയത്‌. പത്താം ക്ലാസിലെ പരീക്ഷയും കഴിഞ്ഞു. അപ്പോള്‍ ഞാന്‍ ശരിക്കും ഭ്രാന്തനായി മാറിയിരുന്നു. ഒടുവില്‍ ആ ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ ആ ബുക്കുകളെല്ലാം ഞാന്‍ കത്തിച്ചു കളഞ്ഞു. അതോടെ എന്റെ പ്രണയവും ഇല്ലാതായിക്കൊണ്ടിരുന്നു. പിന്നെ പിന്നെ അവള്‍ എന്റെ ചിന്തകളില്‍ വരാതെയായി. പിന്നെ പിന്നെ ആ പ്രണയം വെറു ഓര്‍മകളായി. പിന്നെ പിന്നെ മറവിയിലേക്കു...... മറഞ്ഞു.
പിന്നീട്‌ പലതവണ കണ്ടിട്ടുണ്ടെങ്കിലും ആ പ്രണയത്തിന്റെ സുഗന്ധം എനിക്കാസ്വദിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ ചിന്തിക്കാറുണ്ട്‌. എന്തു കൊണ്ടാണ്‌ ഞാന്‍ അവളെ ഇത്രമേ ഭ്രാന്തമായി പ്രണയിച്ചിരുന്നത്‌. അവളുടെ അഴകളവുകളിലേക്കായി പിന്നീട്‌ എന്റെ നോട്ടം. അതും എന്നെ ആകര്‍ഷിച്ചില്ല. ഇപ്പോള്‍ എനിക്കവള്‍ ഒരു സ്‌ത്രീ മാത്രം. നിര്‍വികാരത തോന്നിപ്പിക്കുന്ന ഒരുവള്‍. വല്ലപ്പോഴും ആരെങ്കിലും പറയുമ്പോള്‍ മാത്രം അവളെന്റെ മുമ്പിലോടിയെത്തുമെന്നുമാത്രം.

Wednesday, August 26, 2009

നീ എന്നെ പ്രണയിച്ചിരുന്നോ...

മാസങ്ങള്‍ക്കു ശേഷം വീണ്ടും ബ്ലോഗിലെത്തുമ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴും അവള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. പ്രിയപ്പെട്ടവളെ നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്‌. നിന്റെ നെറ്റിയിലെ സിന്ദൂര ക്കുറിപോലെ എനിക്കു നിന്നോടുള്ള പ്രണയം സത്യമാണ്‌. നിന്റെ മുടിയിഴകളെ തഴുകാന്‍ ആഗ്രഹിച്ച കരങ്ങള്‍ ഇപ്പോള്‍ എന്റേതല്ല. നിന്റെ അധരങ്ങളെ ചുംബിക്കാന്‍ വെമ്പിയ ചുണ്ടുകള്‍ ഇപ്പോള്‍ എന്റേതല്ല.
നിന്റെ വിവാഹപന്തലില്‍ ഒരുരുള ചോറിനായി കാത്തിരിക്കുമ്പോള്‍, ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. നിന്റെ പ്രിയപ്പെട്ട സുഹൃത്തായി എന്നെ നീ അവനു പരിചയപ്പെടുത്തുപ്പോള്‍ ഞാന്‍ വേദനിച്ചിരുന്നോ. അറിയില്ല. പിന്നീട്‌ എന്റെ ഫോണ്‍ കോളുകള്‍ ഉത്തരം കിട്ടാതെ നിന്റെ മൊബൈലില്‍ റിംഗ്‌ ചെയ്‌തു അവസാനിക്കുമ്പോള്‍ ഞാന്‍ ചോദിക്കുകയാണ്‌... നീ എന്നെ പ്രണയിച്ചിരുന്നോ....